ദേശം, എഴുത്ത്, ഓര്മ്മ
കെ പി രമേഷ്
പാലക്കാടിന്റെ തെക്കേമൂലയാണ് അയിലൂര്. അയിലൂരിന്റെ സമഗ്രചരിത്രമൊന്നും രേഖപ്പെടുത്തപ്പെട്ടില്ല. അയല് ഊര് എന്നതില്നിന്നാവാം അതിന്റെ പിറവി. അപ്പോള്, മറ്റേ 'അയല്' ഏതാണ്? നെന്മാറയാണോ? ബ്രിട്ടീഷുകാര് AYALUR എന്നാണെഴുതിയത്; മലയാളികള് 'അയിലൂര്' എന്നും. തമിഴിന്റെ ചുവയാവാം ഇതിനു ഹേതു. അയിലൂരിന്റെ തെക്കുവശത്ത് ഒരു വലിയ കുന്നുണ്ട്. 'അയില മുടിച്ചി' എന്നാണ് അതിന്റെ പേര്. പണ്ട് ഇവിടെ അകില്മരങ്ങള് സമൃദ്ധമായിരുന്നുവത്രേ. സ്ഥലനാമം അങ്ങനെയും ഉത്ഭവിക്കാമല്ലോ. അഖിലേശ്വരന് എന്ന പേരിലാണ് ഇവിടുത്തെ ശിവക്ഷേത്രത്തിലെ ദൈവതം അറിയപ്പെടുന്നത്. അപ്പോള്, ഇങ്ങനെ മറ്റൊരു പാഠഭേദവും കാണാം. നാട്ടുഭാഷകള്ക്കുമേല് സംസ്കൃതം ആധിപത്യംചെലുത്തിയതുമാവാം. കൊല്ലന്മാരുടെ നാടായ കൊല്ലങ്കോടിനെ 'അയസ്കാന്തപുര'വും ബിയാസ്നദിയെ 'വ്യാസനദി'യും ആക്കിയ വിരുതന്മാരാണല്ലോ ചുറ്റിലും!
അഞ്ഞൂറുവര്ഷത്തിലേറെ പഴക്കമുള്ള, മുന്പറഞ്ഞ ശിവക്ഷേത്ര ത്തെ കേന്ദ്രമാക്കിയാണ് അയിലൂരിലെ ഗ്രാമങ്ങള് സാമൂഹിക മായി ചിട്ടപ്പെടുത്തിയതെന്നു തോന്നും. അതായത്, അമ്പലത്തിനടുത്ത് ബ്രാഹ്മണരും നമ്പൂതിരിമാരും, തെക്കുപടിഞ്ഞാറുവശങ്ങളില് (ചിലര് തോട്ടശ്ശേരിയിലും) നായന്മാര്, തെക്കേത്തറഭാഗത്ത് വൈശ്യന്മാരും എഴുത്തച്ഛന്മാരും, ബാക്കിഭാഗങ്ങളില് മണ്ണാന്മാരും കമ്മാളരും ഈഴവ-തണ്ടാന്-മുസ്ലീംജനങ്ങളും. കാലം 'പുരോഗമിച്ചപ്പോള്' ഖസാക്കിന്റെ ഇതിഹാസ ത്തില് പറയുന്നതുപോലെ, ജാതികള് രസാവഹമായ കലര്പ്പിനു ഇടനല്കിയപ്പോള് പലരും ഇടകലര്ന്ന് ജീവിച്ചുതുടങ്ങി. എന്റെ വീടിന്റെ തൊട്ടടുത്തുള്ള നിസ്കാരപ്പള്ളിയിലെ ബാങ്കുവിളി ഞങ്ങളുടെ മൊത്തം പ്രാര്ത്ഥനയായേ തോന്നിയിട്ടുള്ളൂ.
പൂത്തങ്കടവുപാലത്തിലേക്കു തിരിയുന്ന വഴിയില്നിന്നു നോക്കിയാല് കിഴക്കന്മലകള് കാണാം. അത് നെല്ലിയാമ്പതിയാണ്. അവിടെ നിന്നാണ് സൂര്യനുദിച്ചുവരുന്നതെന്ന് കുട്ടിക്കാലത്ത് ഞങ്ങളൊക്കെ വിശ്വസിച്ചിരുന്നു. പില്ക്കാലത്ത്, കരിമ്പാറവഴി കല്ച്ചാടിപ്പുഴ മുറിച്ചുകടന്ന് കാടുകയറി മലമുകളിലെത്തിയപ്പോഴാണ് അതിനപ്പുറത്ത് മറ്റൊരു ലോകമുണ്ടെന്നു മനസ്സിലായത്. ആദ്യത്തെ നെല്ലിയാമ്പതിക്കാഴ്ച അങ്ങനെയായിരുന്നു. പരിസ്ഥിതിവാദം തലയ്ക്കുപിടിച്ച് കേരളത്തിലെ കാടുകളിലെല്ലാം അലയുന്നതിനു മുന്നോടിയായുള്ള വനയാത്രയായിരുന്നു അതെന്ന് അന്ന് അറിയില്ലായിരുന്നു. അയിലൂരും തിരുവഴിയാടു മൊക്കെയുള്ളവര്ക്ക് ദൂരെ, പ്രൗഢിയോടെ തലയുയര്ത്തിനില്ക്കുന്ന ഈ മലയുടെ പരിവേഷം ഒന്നു വേറെയാണ്. പര്വ്വതത്തെ നോക്കി പ്രാര്ത്ഥിക്കുന്നത് പൗരസ്ത്യതയുടെ അടയാളമാണ്.
കൊല്ലങ്കോട്, പോത്തുണ്ടി, ഒലിപ്പാറ, അയിലൂര്, വടക്കഞ്ചേരി, കുനിശ്ശേരി എന്നിവിടങ്ങളില്നിന്നും ചെന്നുമുട്ടുന്ന ഇടമെന്ന നിലയില് നെന്മാറയ്ക്ക് പില്ക്കാലത്ത് വലിയ വാണിജ്യപ്രാധാന്യം വന്നുചേര്ന്നു. പക്ഷേ, സാംസ്കാരികമായ അടയാളങ്ങള്കൊണ്ട് അയിലൂരായിരുന്നു ഒരുകാലത്ത് വിളങ്ങിനിന്നത്.
1890-ല് സ്ഥാപിച്ചതാണ് അയിലൂരിലെ ജി യു പി സ്കൂള്. തൊട്ടടുത്തുതന്നെയാണ് എസ് എം ഹൈസ്കൂള്. ഞാന് പഠിച്ചത് ഈ വിദ്യാലയങ്ങളിലാണ്. ലോകചരിത്രവും പുരാണവും ശാസ്ത്രവു മൊക്കെ പാഠപുസ്തകങ്ങളിലും സ്കൂള്പരിസരത്തുമാണ് രൂപപ്പെടുന്നതെന്നു ബോദ്ധ്യപ്പെടുത്തിയ വിദ്യാ ലയദിനങ്ങള്. ചെറിയ സ്കൂളിന്റെ പിറകിലുള്ള നെല്ലിമരച്ചുവട്ടില് തിമര്ത്തുകളിച്ചതിന്റെ ഓര്മ്മയില് മാത്രമേ ഒ എന് വി കുറുപ്പിന്റെ ആ വിഖ്യാതഗാനം- കവിത (''ഒരുവട്ടംകൂടി'') എനിക്ക് സ്മൃതിഗന്ധമു യര്ത്തുകയുള്ളൂ.
ഹൈസ്കൂള്ഗ്രൗണ്ടില് പലേടത്തുമായി നിരന്നുനിന്ന കരിമ്പനകള് മഴക്കാലത്തും വേനല് ക്കാലത്തും പറയുന്ന മുത്തശ്ശിക്കഥകള് കേള്ക്കാന് കാതോര്ക്കുകയേ വേണ്ടൂ. എന്നാല് ഈ മരങ്ങളെല്ലാം മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള് ഒരു മിത്താണ് തകിടംമറിയുന്നത് എന്ന യാഥാര്ഥ്യമറിയാന് നാം പലപ്പോഴും വൈകിപ്പോകുന്നു.
അയിലൂരില് രണ്ട് എല് പി സ്കൂളുകള്കൂടിയുണ്ട്- പാലക്കപ്പൊറ്റയിലും മുതുകുന്നിയിലും. മഴവെള്ളച്ചാലുകളിലൂടെയും താളുക്കുറ്റി പൊന്തിയ പാടങ്ങളിലൂടെയും കുതിര്ന്നുനടന്ന ബാല്യത്തിന്റെ അവസാനത്തെ യാത്രികരാണോ ഞങ്ങളെന്നു തോന്നിപ്പോകുംവിധം കാര്യങ്ങള് തകിടംമറിഞ്ഞിരിക്കുന്നു. തവളയും ഒച്ചും വെള്ളപ്പാമ്പും ആഹ്ലാദപൂര്വ്വം വിഹരിച്ച ആ കാലം നാടിന്റെ മാറ്റത്തോടൊപ്പം പിന്വലിഞ്ഞതുപോലെ. കാട് നാടാവുകയും മനു ഷ്യന്റെ കയ്യേറ്റങ്ങള് ഏറിവരികയും ചെയ്യുന്നത് അയിലൂരിലും ദൃശ്യമാണ്. അതിന്റെ തോത് മറ്റു ദേശങ്ങളുടെ അത്രയ്ക്കില്ലെങ്കിലും ഈ മാറ്റം വിഷമകരം തന്നെ യാണ്.
1901-ല് സ്ഥാപിക്കപ്പെട്ട അയിലൂര് യൂണിയന് ലൈബ്രറി അതിന്റെ അന്തഃസാരംകൊണ്ട് വിഖ്യാതമാണ്. ഒരുകാലത്ത് ഇവിടെ പണ്ഡിറ്റ് ഗോപാലന്നായരെപ്പോലുള്ളവര് നിത്യസന്ദര്ശക രായി രുന്നു. വിവിധ രംഗങ്ങളിലുള്ള ഒരുപാടു പ്രതിഭകള്ക്ക് അക്ഷരവെളിച്ചം പകരാന് ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. അയിലൂരിനെ സംബന്ധിച്ചിടത്തോളം അതിന്റെ ഭരണസിരാകേന്ദ്രം തലവെട്ടാമ്പാറയാണ്. രണ്ട് സ്കൂളുകളും ലൈബ്രറിയും ഗ്രാമപ്പഞ്ചായത്തും വില്ലേജാപ്പീസും ബാങ്കും സിനിമാതിയറ്ററും (ഇപ്പോള് ഇത് കമ്യൂണിറ്റിഹാളാണ്) ഒക്കെ ഉള്പ്പെടുന്ന ഈ മേടിനെ ജീവിതത്തിന്റെതന്നെ കയറ്റമായിട്ടാണ് കരുതി പ്പോരുന്നത്.
ഞങ്ങളുടെ നാട്ടിലെ വലിയ സാംസ്കാരികകൂട്ടായ്മകള് നടന്നത് മേല്പ്പറഞ്ഞ ലൈബ്രറിയി ലായിരുന്നു. എല്ലാ വിഭാഗം വായനക്കാരും രാഷ്ട്രീയക്കാരും അതിലുണ്ടായിരുന്നു. നാടകപ്രവര്ത്തകരുടെ ഒരു വലിയ സംഘം തലവെട്ടാമ്പാറയിലും പൂങ്ങോട്ടുപറമ്പിലും വെട്ടത്തുപൊറ്റയിലും പാലമുക്കിലും ഉണ്ടായിരുന്നു. ഞങ്ങള്ക്കു മുമ്പുള്ളവര് തുടക്കംകുറിച്ച ഉദയംഉദയം മാസികയില്നിന്നും അനുഭവിച്ചറിഞ്ഞതില് നിന്നാണ് പില്ക്കാലത്ത് ചേതന എന്ന ലിറ്റില്മാസികയും കലാഭാഷ എന്ന ആര്ട്ജേര്ണലും തുടങ്ങാന് പ്രചോദനം ലഭിച്ചത്. മഹാസാഗരത്തെ സ്വപ്നംകാണുന്നവന് നാട്ടിലെ പുഴയില് മുങ്ങി നിവരേണ്ടത് അവശ്യംവേണ്ടുന്ന മുന്കരുതലുകളിലൊന്നാണ്. കയ്യെഴുത്തുമാസിക വി ഹരിഗോവി ന്ദന്റെയും വേലായുധേട്ടന്റെയും സഹായത്തോടെ പിന്നീട് കുറേക്കാലം ഏറ്റെടുത്തുനടത്തി. അതിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചത് യൂസഫലി കേച്ചേരിയെപ്പോലുള്ളവരുടെ ഗുരുനാഥനും വിവര്ത്തകനുമായ വിദ്വാന് പി സി എസ് നായരായിരുന്നു. എഡിറ്റിങ്ങും കലയാണെന്ന്
വര്ഷങ്ങള്ക്കുമുമ്പ് ഒരു കോടതി പ്രവര്ത്തിച്ച സ്ഥലമാണ് തലവെട്ടാമ്പാറ എന്നു പഴമക്കാര് പറയുന്നു. ഇവിടെനിന്ന് എന് എസ് എസ് കോളജിലേക്കുള്ള വഴി ('പഞ്ചായത്തുപാത' എന്നാണ് ഇതിന്റെ പഴയ പേര്) നരിയിളപ്പാറയിലൂടെയാണ് നീളുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ അതൊരു നരിമടയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരെ ഇവിടെ ഇറക്കിവിട്ടിരുന്നു. ചരിത്രമോ മിത്തോ എന്നു വേര്തിരിച്ചറിയാന് കഴിയാത്തവിധമുള്ള ഈ സ്ഥലം ഇന്നൊരു ക്വാറിയായിമാറി. കുട്ടിക്കാലത്ത് മുടപ്പല്ലൂരും മറ്റുമുള്ള ബന്ധുവീടുകളില് പോകണമെങ്കില് കോളജിന്റെ മുമ്പില്നിന്നേ ബസ്സ് കിട്ടുമായിരു ന്നുള്ളൂ. അന്ന് ആ നടത്തത്തിനുതന്നെ ഒരു സൗഖ്യമുണ്ടായിരുന്നു. ചെറിയ ചെറിയ പന്തലുകള്കെട്ടി, അതിനകത്തിരുന്ന് കല്ലുടയ്ക്കുന്നവരുടെ ശബ്ദം കേള്ക്കാമായിരുന്നു ഇവിടെ. മിത്തുകളെ ഉടയ്ക്കുന്ന ചുറ്റികയായി കാലം പരിണമിക്കുന്നുണ്ടല്ലോ.
ഒരു നാടിന്റെ വികസനരേഖയായി പരിഗണിക്കപ്പെടുന്ന ആദ്യത്തെ ഘടകം അവിടെ രൂപപ്പെടുന്ന പാതയാണ്. പിന്നെ വൈദ്യുതിയും ടെലിഫോണും ടെലിവിഷനും കമ്പ്യൂട്ടറുമൊക്കെ കടന്നുവരുന്നു. ഇടവഴികള് പെരുംപാതകള്ക്കു വഴിമാറുമ്പോള് അത് എങ്ങനെയാണ് വികസനത്തിന്റെ മാര്ഗ്ഗരേഖ യാവുന്നത് എന്നു പലപ്പോഴും അത്ഭുതപ്പെടുകയും അതിലേറെ ആശങ്കപ്പെടുകയും ചെയ്തിട്ടുണ്ട്. മിത്തു കളും സ്വപ്നങ്ങളുമാണ് ക്രിയാത്മകതയുടെ അടിസ്ഥാനം; യാഥാര്ഥ്യം ഗണിതരേഖയും. സൗന്ദര്യ ശാസ്ത്രവും ലോജിക്കും തമ്മിലുള്ള മൗലികമായ വ്യത്യാസം ഇതാണെന്നു പറഞ്ഞുതന്നത് അയിലൂരാണ്.
നദിയുടെ ഒഴുക്ക് എല്ലായിടത്തും, എല്ലാകാലത്തും ഒരുപോലെയല്ല. ജീവിതനദിയുടെ കാര്യത്തിലും ഇതാണ് സംഭവിക്കുന്നത്. നദിയുടെ പരിണാമദിശ എന്നു അതിനെ വിളിക്കാം. സ്കൂളില് പഠിച്ച മലയാളം പാഠങ്ങള് കാര്യമായി ഒന്നും നല്കിയില്ലെന്നു മാത്രമല്ല സന്ധിയും സമാസവും വൃത്തവും അലങ്കാരവും തെല്ല് ചെടിപ്പിക്കുകയുംചെയ്തു എന്നു പറയുമ്പോള് അത് ഗുരുനിന്ദയായി തോന്ന രുതേ. പ്രീഡിഗ്രിക്ക് എത്തിയപ്പോള് രണ്ടാംഭാഷ സ്വാഭാവികമായും ഹിന്ദിയായി മാറി. പക്ഷേ, അപ്പുറത്തെ മലയാളംക്ലാസ്സിന്റെ മാധുര്യവും അയിലൂര് യൂണിയന് ലൈബ്രറിയിലെ പുസ്തകങ്ങളും സാഹിത്യത്തോടു നന്നേ അടുപ്പിച്ചു. കവിതയെഴുതിത്തുടങ്ങിയത് ആ കാലയളവിലാണ്. 1988-ല് മാതൃഭൂമി ബാലപംക്തിയില് കവിത അച്ചടിച്ചു വന്നതിന്റെ ആഹ്ലാദം ചെറുതല്ല.
ഗാനരചനയും ഒപ്പം നടന്നു. ഞാനെഴുതിയ മൂന്നു ഗാനങ്ങള് ആകാശവാണിയിലൂടെ ഇടയ്ക്കിടെ കേള്ക്കാമായിരിന്നു. കേള്വിയുടെ മിത്തിക്കല്ലോകത്തെ കാഴ്ചയുടെ തിമിരം ദത്തെടുത്തത് എത്ര പെട്ടെന്നായിരുന്നു! വൈശാഖന്റെ കഥകളെ ആസ്പദമാക്കിയുള്ള ഒരു ടെലിവിഷന്പരമ്പരയുടെ ടൈറ്റില് ഗാനമായി നിര്മ്മാതാവ് നിശ്ചയിച്ചത് എന്റെ രചനയായിരുന്നു. പക്ഷേ, ആ സീരിയല് പുറത്തുവന്നില്ല. ചില കാര്യങ്ങള് ഓര്ത്തെടുക്കുമ്പോള് കൗതുകവും ചിരിയും മാത്രം ബാക്കിയാവുന്നു! അയിലൂര് പൊന്നപ്പ ഭാഗവതരുടെ (പരമേശ്വരന്നായര്) അടുത്തുപോയി ഹാര്മ്മോണിയം പഠിച്ചു. സംഗീതം മറ്റൊരു ധാരയായി ജീവിതത്തോടൊപ്പം ഒഴുകി. ഒന്ന് മറ്റൊന്നിന്റെ ഭാഗമാണെന്ന് ജീവിതം എന്നെ പഠിപ്പിച്ചു.
കവിതയെഴുത്തും വായനയും ലോകകവിതയുടെ വലിയ ഭൂമിക തുറന്നുതന്നത് കൃതാര്ത്ഥത യോടെ ഓര്ക്കുന്നു. ആന്ഡ്രൂഹാര്വേ, സമീഹ് അല് ഖാസീം, ഡെനീസ് ബ്രൂട്ടസ്, പോള് സെലാന്, വാസ്കോ പോപ, ഒക്ടേവിയോ പാസ്, ബെര്റ്റോള്റ്റ് ബ്രെഹ്ത്, അബ്ദുള് മുനീം അവാദ് യൂസുഫ്, ബാഷോ മുതല് മികീറോഫു വരെയുള്ള ജാപനീസ്കവികള്, ആര്ചിബാള്ഡ് മെക്ലീഷ് തുടങ്ങി ഒരുപാടു പേരുടെ കവിതകള് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതിനു പിന്നില് ഈ വായനാനുഭവമാണുള്ളത്.
പ്രകൃതില് നിറവും മണവും സംഗീതവും ഉണ്ട്. നാം നമ്മുടെ ഇന്ദ്രിയങ്ങളെ സജ്ജമാക്കിയാല് മതി. അയിലൂരിലെ ശ്രീനിവാസനോടും രാമനാഥനോടും പങ്കുവച്ച സംഗീതസാന്ദ്രമായ ദിനങ്ങള് മറക്കുന്നതെങ്ങനെ? ഡ്രോയിങ് തല്ലിപ്പഠിപ്പിച്ച സ്കൂള്ദിനങ്ങള് എവിടെയും എത്തിച്ചില്ല. പക്ഷേ അതേ അദ്ധ്യാപിക പറഞ്ഞുതന്ന കഥകള് ഭാവനയുടെ വര്ണരാജി പകര്ന്നു. വരയാനല്ല, വര ആസ്വദിക്കാനാണ് നാം പ്രാഥമികമായും ശീലിക്കേണ്ടതെന്ന് എന്റെ നാട്ടില് കുറച്ചുകാലം താമസിച്ച വെമ്പല്ലൂര്പ്രേമന് പറയാറുണ്ടായിരുന്നു. ശരണാര്ത്ഥിയായി ഫേണ്ഹില്ഗുരുകുലത്തില് നിത്യചൈതന്യയതിയെ കണ്ടുമുട്ടുന്നതു വരെ ഇതെല്ലാം വേറിട്ട ദ്വീപുകളായിരുന്നു. യതി അവയ്ക്കുചുറ്റും ജലം നിറച്ചു. സമന്വയത്തിന്റെ ജീവിത പാഠത്തില്നിന്നാണ് പിന്നീട് പാഠാന്തരബന്ധത്തെക്കുറിച്ചുള്ള അദ്ധ്യായങ്ങള് വായിച്ചത്.
ദേശത്തെക്കുറിച്ചുള്ള ഓര്മ്മകള് മായുന്നില്ല. കാരണം, ദേശം നമ്മുടെ ഉള്ളിലാണ്....................